സാമ്പത്തികനയത്തില്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഒന്നാണെന്ന യാഥാര്‍ത്ഥ്യം വിസ്‌മരിക്കുന്ന മുസ്ലിംലീഗിന്റെ ദേശീയ രാഷ്‌ട്രീയ പ്രമേയം കാലികമല്ല. സി.പി.ഐ (എം) ഉം മറ്റ് ഇടതുപക്ഷ പാര്‍ടികളും അന്ധമായ കോണ്‍ഗ്രസ് വിരോധം വെടിഞ്ഞ് മതേതര ഐക്യപാതയിലെത്തണമെന്ന മുസ്ലിംലീഗിന്റെ പ്രമേയം യാഥാര്‍ത്ഥ്യബോധമുള്ളതല്ല. അന്ധമായ വിരോധമല്ല നയങ്ങളുടെയും ഭരണനടപടികളുടെയും അടിസ്ഥാനത്തിലുള്ള വിയോജിപ്പും എതിര്‍പ്പുമാണ് സി.പി.ഐ (എം) നുള്ളത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ വിജയവും നരേന്ദ്രമോഡി സര്‍ക്കാരിന്റെ ഭരണവും രാജ്യത്തിന് ആപത്താണ്. പക്ഷെ കോണ്‍ഗ്രസ് നയിച്ച യു.പി.എ ഭരണത്തിന്റെ ജനവിരുദ്ധവും ദേശദ്രോഹപരവുമായ നടപടികളാണ് നരേന്ദ്രമോദിക്ക് അധികാരത്തിന്റെ വഴി തുറന്നുകൊടുത്തത്. കഴിഞ്ഞ പത്തുവര്‍ഷം യു.പി.എ സര്‍ക്കാര്‍ പിന്തുടര്‍ന്ന നവ ഉദാരവല്‍ക്കരണ നയങ്ങളാണ് ബി.ജെ.പിയുടെ വളര്‍ച്ചയ്‌ക്ക് കാരണമായത്. കോണ്‍ഗ്രസ് ഭരണത്തിന്റെ ഫലമായുണ്ടായ ജീവിതദുരിതങ്ങളിലും അഴിമതിയിലുമുള്ള ജനങ്ങളുടെ എതിര്‍പ്പിനെയാണ് ബി.ജെ.പി പ്രയോജനപ്പെടുത്തിയത്. എന്നാല്‍, കോണ്‍ഗ്രസിന്റെ അതേ വര്‍ഗനയമുള്ള ബി.ജെ.പി അധികാരത്തില്‍ വന്നതോടെ കോണ്‍ഗ്രസ് നടപ്പാക്കിയ നവ ഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങള്‍ പ്രാവര്‍ത്തികമാക്കുകയാണ്. വന്‍കിട കോര്‍പറേറ്റുകളെയും വിദേശമൂലധനശക്തികളെയും പ്രീണിപ്പിക്കാനുള്ള നടപടികളിലാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പന, ഭക്ഷ്യവസ്‌തുക്കള്‍ക്കുള്ള സബ്‌സിഡി വെട്ടിക്കുറയ്‌ക്കല്‍, കോര്‍പറേറ്റുകള്‍ക്കും വിദേശ മൂലധനശക്തികള്‍ക്കും നികുതിയിളവ് - തുടങ്ങിയ നടപടികളെല്ലാം സ്വീകരിക്കുന്നത് കോണ്‍ഗ്രസ് ഭരണത്തിന്റെ അതേ ചട്ടക്കൂടിലാണ്. മോദി ഭരണത്തിന്റെ ഈ കെടുതികള്‍ക്കെതിരെ ജനങ്ങളെ അണിനിരത്തുന്നതിന് കോണ്‍ഗ്രസിന്റെ തെറ്റായ സാമ്പത്തിക നയങ്ങളേയും തുറന്നുകാട്ടിയേ മതിയാകൂ. മോഡി ഗവണ്‍മെന്റിന്റെ ജനവിരുദ്ധ നയങ്ങളെ പാര്‍ലമെന്റില്‍ ഫലത്തില്‍ പിന്തുണയ്‌ക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. രാജസ്ഥാനില്‍ അവര്‍ തൊഴിലാളിവിരുദ്ധ നിയമത്തെ പിന്തുണയ്‌ക്കുകയാണ് ചെയ്‌തത്. അതിനാല്‍ കോണ്‍ഗ്രസ് സഹകരണത്തോടെയുള്ള മതനിരപേക്ഷകക്ഷികളുടെ ഐക്യപ്പെടല്‍ എന്ന ലീഗിന്റെ ആശയം ജനങ്ങളുടെ ക്ഷേമവും നാടിന്റെ പുരോഗതിയും ആഗ്രഹിക്കുന്ന വിഭാഗങ്ങള്‍ക്ക് സ്വീകരിക്കാനാവില്ല. കോണ്‍ഗ്രസ്സുമായുള്ള സഹകരണം ബി.ജെ.പിയുടെ ഭരണനയങ്ങളെ ചെറുത്തുതോല്‍പ്പിക്കുന്നതിനുള്ള ജനകീയ പ്രതിരോധ നിരയുടെ വിശ്വാസ്യത ചോര്‍ത്തും. മതനിരപേക്ഷതയുടെ മുഖം പ്രദാനം ചെയ്‌തുകൊണ്ട് കോണ്‍ഗ്രസ് നടപ്പാക്കിയ നവ ഉദാരവല്‍ക്കരണ നയങ്ങള്‍ ജനങ്ങളെ പാപ്പരാക്കി. ഇന്ന് ഭൂരിപക്ഷ വര്‍ഗീയതയുടേതായ ആര്‍.എസ്.എസ് പ്രത്യയശാസ്‌ത്രം ഉയര്‍ത്തിപ്പിടിക്കുന്ന ബി.ജെ.പി നടപ്പാക്കുന്ന നവ ഉദാരവല്‍ക്കരണനയത്തെയും വര്‍ഗീയക്കുഴപ്പം സൃഷ്‌ടിക്കുന്ന നടപടികളെയും ശക്തമായി ചെറുക്കാന്‍ കൂടുതല്‍ ജാഗ്രതയോടെ കമ്യൂണിസ്റ്റുകാര്‍ പ്രവര്‍ത്തിക്കും. ബി.ജെ.പിയും കോണ്‍ഗ്രസും പിന്തുടരുന്ന സാമ്പത്തിക നയങ്ങള്‍ക്ക് സമഗ്രമായ ബദല്‍ സമീപനം മുന്നോട്ടുവച്ചും ഹിന്ദുത്വ പ്രത്യയശാസ്‌ത്രത്തിനെതിരെ വിട്ടുവീഴ്‌ചയില്ലാത്ത നിലപാട് സ്വീകരിച്ചും ജനങ്ങളെ അണിനിരത്തുകയാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം.
തിരുവനന്തപുരം
26.08.2014
***